Thursday, January 26, 2012


സുകുമാര്‍ അഴീക്കോട്

കേരളം കണ്ട, അതുല്യനായ സാഹിത്യകാരന്‍, അഴീക്കോട്ടെ പ്രീയപുത്രന്‍, ടി. കെ സുകുമാരന്‍ 1926 മെയ് 26-ന് കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പൂതപ്പാറയില്‍ നിത്യാനന്ദാലയത്തില്‍ പങ്കാവില്‍ വിദ്വാന്‍ പി. ദാമോദരന്റെയും, കേളോത്ത് തട്ടാരത്ത് മാധവി അമ്മയുടെയും നാലാമത്തെ മകനായി ജനിച്ചു. ഒന്നാം റാങ്കോടെ മലയാളം എം എയും, സംസ്ക്രതം എം എയും കേരളസര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടി. ചിന്തകന്‍, വാഗ്മി, അധ്യാപകന്‍, വിമര്‍ശകന്‍ എന്നിങ്ങനെ കേരളസാസ്കാരിക മണ്ഡലത്തില്‍ സജീവമായി നിറഞ്ഞു നിന്നിരുന്നു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ 1971- ല്‍ മലയാളവിഭാഗം അധ്യക്ഷനായും 74 മുതല്‍ 78 വരെ പ്രൊവൈസ് ചാന്‍സലറായും സേവനമനുഷ്ഠിച്ചു. 1986-ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. അദ്ദേഹം രാഷ്ട്രീയത്തിലും നിത്യവിമര്‍സകനായിരുന്നു. 1965 മുതല്‍ 12 വര്‍ഷത്തോളം സാഹിത്യപരിഷത്തിന്റെ അധ്യക്ഷനായിരുന്ന അഴീക്കോട് കേന്ദ്ര -കേരള സാഹിത്യ അക്കാദമികളിലും പ്രമുഖ പദവികള്‍ വഹിച്ചു.തുടക്കത്തില്‍ എന്തിനെക്കുറിച്ചും അദ്ദേഹം എഴുതിയിരുന്നു. ഉപനിഷത്തുകളെ ആസ്പദമാക്കി അദ്ദേഹം രചിച്ച 'തത്വമസി' ശ്രദ്ധേയമായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകള്‍, വയലാര്‍, രാജാജി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ തത്ത്വമസിക്കുലഭിച്ചു.

ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്നിവയും അഴീക്കോടിന്റെ ഏറെ പ്രസിദ്ധങ്ങളായ ക്രതികളാണ്. രണ്ടായിരം ലേഖനങ്ങള്‍ക്കു പുറമേ പതിനായിരത്തോളം പ്രഭാഷണങ്ങളും നടത്തി.

ആശാന്റെ സീതാകാവ്യം തന്നിലെ എഴുത്തുകാരന്റെ ആദ്യ കാല്‍വെപ്പായിരുന്നു എന്ന് അഴീക്കോട് വിലയിരുത്തുന്നു.ആദിമ കവിയുടെ വയലില്‍ ആ ഋഷി കൃഷി ചെയ്യാതെ വിട്ട നിലത്ത് വിത്തിറക്കിയതിന്റെ സമൃദ്ധമായ വിളവാണ് 'ചിന്താവിഷ്ടയായ സീത'-എന്നും കവി പറയുകയുണ്ടായി.

പക്ഷങ്ങള്‍ക്കുമപ്പുറം ഹൃദയത്തിന്റെ പക്ഷം സ്വീകരിക്കുകയും വാക്കുകള്‍ക്ക് സത്യത്തിന്റെ ശക്തി പകരുകയും ചെയ്ത സാഗരഗര്‍ജനത്തിന്റ ഉടമ എന്നു വിശേഷിപ്പിക്കാവുന്ന, കേരള സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ കത്തിജ്വലിച്ച, ആ നെയ്‍ത്തിരി 2012ജനുവരി 24-ന് കേരളക്കരയാകെ ദുഃഖസാഖരത്തിലാക്കികൊണ്ട് അണഞ്ഞു.

-ഗീതു ഹരിലാല്‍


No comments:

Post a Comment